ന്യൂഡൽഹി: ഹാത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തോട് കടുത്ത അനീതിയാണ് സർക്കാർ കാണിച്ചതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാർദ്ര. പെൺകുട്ടിയുടെ ചിത കത്തിക്കാൻ സഹോദരനെയും പിതാവിനെയും അനുവദിച്ചില്ല. അവരുടെ കുടുംബത്തെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നു. ഇത് വലിയ അനീതിയാണ്. അവർക്ക് നീതി ലഭിക്കണം. സൂര്യാസ്തമയത്തിനുശേഷം ഒരു ശവസംസ്കാരവും നടക്കില്ല. അനീതിക്ക് നേരെ മൗനം പാലിക്കാൻ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കൂട്ടബലാത്സംഗത്തിനിരയായി സെപ്റ്റംബർ 29ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരിച്ച പെൺകുട്ടിക്കായി രാജ്യമെമ്പാടുമുള്ള വാൽമീകി ക്ഷേത്രങ്ങളിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്ന വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. വ്യാഴാഴ്ച പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് തടഞ്ഞത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.