ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റിവിറ്റി നിരക്കിലെ കുറവ് ഡല്‍ഹിയില്‍ കേസുകള്‍ കുറയുന്നതിന്‍റെ സൂചനയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി നീക്കിവെച്ച ഐസിയു ഇതര കിടക്കകള്‍ക്ക് സര്‍ക്കാര്‍ നിരക്ക് ബാധകമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. നവംബര്‍ 7ന് ഡല്‍ഹിയില്‍ 15 ശതമാനമായിരുന്നു കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. എന്നാലിത് 11 ശതമാനമായി താഴ്‌ന്നെന്നും നവംബര്‍ 10നാണ് തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 8583 പേര്‍ക്കാണ് നവംബര്‍ 10ന് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
പോസിറ്റിവിറ്റി നിരക്ക് കുറയുകയും തലസ്ഥാനത്ത് ക്രമാനുഗതമായി കേസുകളുടെ എണ്ണം കുറയുന്നതായും സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഇത് തലസ്ഥാനത്ത് രോഗബാധ കുറയുന്നതിന്‍റെ ലക്ഷണമാണെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വ്യാഴാഴ്‌ച 7456 പേര്‍ക്ക് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 12.6 ശതമാനമാണ് നഗരത്തിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക്.
ഡല്‍ഹിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 2000 പിഴ പ്രഖ്യാപിക്കുകയും, സ്വകാര്യ ആശുപത്രികളില്‍ 80 ശതമാനം ഐസിയു സംവരണവും, പരിശോധന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിപ്പിക്കുകയും ചെയ്‌തിരുന്നു. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി ഐസിയു ഇതര ബെഡുകളുടെ സംവരണം 60 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്‌തിട്ടുണ്ട്.