ന്യൂഡൽഹി: ആഭ്യന്തര, അന്തർദേശീയ യാത്രക്കാരിൽ നിന്ന് സെപ്റ്റംബർ ഒന്നുമുതൽ ഉയർന്ന വ്യോമ സുരക്ഷാ ഫീസ് ഈടാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചതായി സർക്കാർ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ആഭ്യന്തര വിമാന യാത്രക്കാർക്കുള്ള എ.എസ്.എഫ് 150 രൂപയിൽ നിന്ന് 160 രൂപയായി ഉയർത്തുമെന്നും, അന്താരാഷ്ട്ര യാത്രക്കാർക്ക് 4.85 യുഎസ് ഡോളറിന് പകരം 5.2 യുഎസ് ഡോളർ നൽകണമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണത്തിന് ധനസഹായം നൽകാനാണ് എ.എസ്.എഫ് ഉപയോഗിക്കുന്നത്. വ്യോമയാന മന്ത്രാലയം കഴിഞ്ഞ വർഷവും എ.എസ്.എഫ് വർധിപ്പിച്ചിരുന്നു.
കൊവിഡ് പ്രതിസന്ധിക്കിടയിൽ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. പണനഷ്ടം ഒഴിവാക്കുന്നതിനായി ഇന്ത്യയിലെ എല്ലാ എയർലൈനുകളും ശമ്പളം വെട്ടിക്കുറയ്ക്കൽ, ശമ്പളമില്ലാതെ അവധി, ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടൽ എന്നിങ്ങനെയുള്ള ചിലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചു.
മെയ് 25ന് ഇന്ത്യ ആഭ്യന്തര പാസഞ്ചർ സർവീസുകൾ പുനരാരംഭിച്ചെങ്കിലും വിമാനങ്ങളിലെ ശരാശരി ഒക്യുപൻസി നിരക്ക് വെറും 50-60 ശതമാനം മാത്രമാണ്. ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല. തുടരുക. ഡിജിസിഎ അംഗീകാരത്തോടെ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.