ന്യൂഡൽഹി: അസമിലെ നിരോധിത സായുധ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി കേന്ദ്രം സമാധാനക്കരാറില്‍ ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലും ബോഡോ സംഘടനയുടെ നേതാക്കളുമാണ് കരാറില്‍ ഒപ്പുവച്ചത്. അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ചടങ്ങില്‍ പങ്കെടുത്തു.
പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ തീവ്രവാദികൾ ഈ മേഖലയിൽ പതിറ്റാണ്ടുകളായി നടത്തുന്ന ആഭ്യന്തര കലാപങ്ങൾക്ക് ഈ കരാറോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ. ഇത് ചരിത്രപരമായ ഒരു കരാറാണെന്നും ബോഡോ പ്രശ്‌നത്തിന് സമഗ്രമായ പരിഹാരം ഈ കരാർ കൊണ്ടുവരുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചുവെന്നും ഇതോടെ അസമിൽ സമാധാനവും സുസ്ഥിരവുമായ അന്തരീക്ഷം കൈവരിക്കാനാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അസമിനും ബോഡോ ജനതയ്ക്കും തിളക്കമാര്‍ന്ന ഭാവി ഉറപ്പുനല്‍കുന്ന കരാറാണിത്. ഇത് ബോഡോ സംസ്‌കാരത്തെയും ഭാഷയെയും സംരക്ഷിക്കുകയും അവരുടെ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോഡോ ജനതയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസർക്കാർ, അസം സർക്കാർ, നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫോ ബോഡോലാൻഡ്, ഓൾ ബോഡോ സ്റ്റുഡന്‍റ്സ് യൂണിയൻ എന്നിവര്‍ ഉള്‍പ്പെടുന്ന കരാറാണ് ഒപ്പുവച്ചത്.