ന്യൂഡൽഹി: പൊതു ജനങ്ങൾക്ക് കാലാവസ്ഥ വിവരങ്ങളും പ്രവചനങ്ങളും നൽകുന്നതിനായി രൂപകൽപന ചെയ്‌ത 'മോസം' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഭൗമശാസ്ത്ര മന്ത്രാലയം ഇന്ത്യൻ കാലാവസ്ഥാ വകുപ്പിനു വേണ്ടിയാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. പൊതുജനങ്ങൾക്ക് ആപ്ലിക്കേഷനിലൂടെ കാലാവസ്ഥാ നിരീക്ഷണങ്ങൾ, പ്രവചനങ്ങൾ, റഡാർ ചിത്രങ്ങൾ എന്നിവയെപ്പറ്റിയുള്ള പുതിയ വിവരങ്ങൾ ലഭിക്കും. മോസമിൽ നൗകാസ്റ്റ് പോലുള്ള സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ കാലാവസ്ഥയെക്കുറിച്ചും പ്രാദേശിക കാലാവസ്ഥ പ്രതിഭാസങ്ങളെക്കുറിച്ചും മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന മുന്നറിയിപ്പ് നൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആപ്ലിക്കേഷനിലൂടെ 450 ഓളം നഗരങ്ങളിലെ കാലാവസ്ഥാ പ്രവചനമാണ് ലഭ്യമാകുക. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ആവശ്യമെങ്കിൽ പൊതുജനങ്ങൾക്ക് ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളിലൂടെ നിർദേശങ്ങൾ നൽകാനും ഇതിലൂടെ സാധിക്കും.
ഇന്‍റർനാഷണൽ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സെമി-അരിഡ് ട്രോപിക്‌സ്, ഡിജിറ്റൽ അഗ്രികൾച്ചർ ആന്‍റ് യൂത്ത് (ഡേ) ടീം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്ററോളജി പൂനെ, ഇന്ത്യാ കാലാവസ്ഥാ വകുപ്പ് എന്നിവർ സംയുക്തമായാണ് ആപ്ലിക്കേഷൻ രൂപകൽപന ചെയ്‌ത് വികസിപ്പിച്ചെടുത്തത്.