ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 വ്യാപനം വർധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 1200 കൊവിഡ്-19 ഹോട്ട് സ്പോട്ടുകളാണ് രാജ്യത്ത് ഉള്ളതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ഹോട്ട് സ്പോട്ടുകള്‍ വ്യാപിച്ച് കിടക്കുന്നത്. ഒരു പ്രദേശത്ത് ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഹോട്ട് സ്പോട്ടായി പരിഗണിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലൂവ് അഗര്‍വാള്‍ പറഞ്ഞു. ഇത്തരം പ്രദേശങ്ങളില്‍ പ്രത്യേക പ്രതിരോധ നടപടി സ്വീകരിക്കും.
നിസാമുദ്ദീനാണ് രാജ്യത്തെ ഏറ്റവും വലിയ ഹോട്ട് സ്പോട്ടെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. നിരവധി തബ് ലിക് ജമാഅത്ത് പ്രവർത്തകരാണ് ബംഗ്ലേവാലി പള്ളിയില്‍ യോഗത്തില്‍ പങ്കെടുത്തത്.ഇവർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരാണ്.ഇതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരളവും ഡല്‍ഹിയും അടക്കം നിവധി സംസ്ഥാനങ്ങളിലാണ് ഹോട്ട് സ്പോട്ടുകളുള്ളത്. കഴിഞ്ഞ മണിക്കൂറുകളില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് ഏറ്റവും വലിയ സംഖ്യയാണ്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് മരണം അടക്കം 227 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1251 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നാണ് കണക്ക്. ഗുജറാത്ത്, മധ്യപ്രദേശ് ,പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് പുതിയ മൂന്ന് മരണങ്ങളും ഉണ്ടായിരിക്കുന്നത്. രോഗികളേയും അവരുമായി അടുത്ത് ഇടപഴകിയവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2104 റിലീഫ് ക്യാമ്പുകള്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് പുനിയ സലില ശ്രീവാസ്തവ അറിയിച്ചു. 66251 ആളുകള്‍ നിലവില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കുള്ള ആഹാരം അടക്കം അതത് സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.