ന്യൂഡല്‍ഹി: 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് ഏകദേശം ഒരു മാസം പിന്നിടുമ്പോള്‍ ഇവയുടെ ഉപവിഭാഗങ്ങളായ മറ്റ് 47 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് കൂടി രാജ്യത്ത് പ്രവർത്തിക്കുന്നതിൽ നിന്ന് ഇന്ത്യൻ സർക്കാർ വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഈ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുകയും നിരോധിച്ച ആപ്പുകളുടെ പട്ടിക ഉടൻ പുറത്തുവിടുകയും ചെയ്യുമെന്ന് ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വകാര്യത, ദേശീയ സുരക്ഷ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250ഓളം ആപ്പുകൾ നിരീക്ഷണത്തിലാണെന്നും കേന്ദ്രം അറിയിച്ചു. മൊബൈൽ ഗെയിമിങ് ആപ്പായ പബ്‌ജിയും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ മാസമാണ് ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ ടിക് ടോക്കും ഇതിൽ ഉള്‍പ്പെട്ടിരുന്നു.
ഇലക്ട്രോണിക്സ്, ഐടിയുടെ സൈബർ നിയമങ്ങളും ഇ-സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റും കഴിഞ്ഞയാഴ്ച ആപ്ലിക്കേഷന്‍ കമ്പനികൾക്ക് ഇ-മെയിൽ അയച്ചിരുന്നു. ലിസ്റ്റ് ചെയ്ത ഏതെങ്കിലും ആപ്ലിക്കേഷൻ ഇപ്പോഴും ലഭ്യമാക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്താൽ അത് ഐടി നിയമപ്രകാരം കുറ്റകരമാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ ഉപയോക്താക്കളിൽ നിന്നുള്ള വിവരശേഖരണത്തിന്‍റെ വിശദാംശങ്ങൾ സംബന്ധിച്ച ചോദ്യങ്ങളും കമ്പനികള്‍ക്ക് അയച്ചു. ബുധനാഴ്ച നടന്ന ജി 20 ഡിജിറ്റൽ ഇക്കണോമി മന്ത്രിമാരുടെ വെർച്വൽ മീറ്റിങില്‍ ഐടി മന്ത്രി രവിശങ്കർ പ്രസാദും ഡാറ്റാ പരമാധികാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.