ഹൈദരാബാദ്: ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 11 യാത്രക്കാരിൽ നിന്നായി 3.11 കിലോ സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 1.66 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ പറഞ്ഞു.
സൗദി അറേബ്യയിലെ ദമ്മത്തിൽ നിന്ന് വന്ദേ ഭാരത് മിഷൻ വഴി വ്യാഴാഴ്ച എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. പ്രതികൾ ധരിച്ചിരുന്ന ട്രൗസറിന്‍റെ അകത്തെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയതെന്ന് കസ്റ്റംസ് പറഞ്ഞു. സംഭവത്തിൽ 11 യാത്രക്കാർക്കെതിരെ കേസെടുത്തതായും ഇവരെ ചോദ്യം ചെയ്യുകയാണെന്നും കസ്റ്റംസ് അറിയിച്ചു.
സി.ഐ.എസ്.എഫിന്‍റെ അറിവോടെ ചന്ദനം കടത്താൻ ശ്രമിച്ച മറ്റ് അഞ്ച് യാത്രക്കാരും വ്യാഴാഴ്ച അറസ്റ്റിലായതായി കസ്റ്റംസ് അറിയിച്ചു. ഇവരിൽ നിന്ന് 78.5 കിലോഗ്രാം ചന്ദനമാണ് പിടിച്ചെടുത്തത്.
പിടിയിലായ അഞ്ച് യാത്രക്കാരും ഹൈദരാബാദിൽ നിന്ന് സുഡാനിലെ കാർട്ടൂമിലേക്ക് ടിക്കറ്റ് എടുത്തവരാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും കസ്റ്റംസ് പറഞ്ഞു.