മുംബൈ: ഡല്‍ഹിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. ബുധനാഴ്‌ച 10 ഗ്രാമിന് 430 രൂപ കൂടി സ്വര്‍ണ വില 50920ലെത്തി. അന്താരാഷ്‌ട്ര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. നേരത്തെ 10 ഗ്രാമിന് 50490 ആയിരുന്നു വില. സ്വര്‍ണത്തിന് പിന്നാലെ വെള്ളിയ്‌ക്കും ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. 2550 രൂപ വര്‍ധിപ്പിച്ച് കിലോയ്‌ക്ക് 60,400 രൂപ ആയി. ചൊവ്വാഴ്‌ച ഒരു കിലോയ്‌ക്ക് 57,850 രൂപയായിരുന്നു നിരക്ക്.
ഡല്‍ഹിയില്‍ 24കാരറ്റ് സ്വര്‍ണത്തിന് വീണ്ടും 430 രൂപ കൂടി റെക്കോഡിലെത്തിയെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സീനിയര്‍ അനലിസ്റ്റ് തപന്‍ പട്ടേല്‍ വ്യക്തമാക്കി. അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1855 യുഎസ് ഡോളറും വെള്ളിയുടെ വില 21.80 യുഎസ് ഡോളറുമായാണ് ഉയര്‍ന്നത്. യുഎസില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.