ബെംഗളുരു: ഇടയന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 50 ഓളം ആടുകൾക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്തി. തുമകുരു ജില്ലയിലെ ഗോഡെകെരെ പ്രദേശത്താണ് സംഭവം. ചില ആടുകൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരം ജില്ലാ ചുമതലയുള്ള മന്ത്രി ജെ സി മധുസ്വാമിയേയും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ രാകേഷ് കുമാറിനെയും അറിയിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ മന്ത്രി മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി. തുടർന്ന് സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ആടുകളുടെ സാമ്പിൾ ശേഖരിച്ചു.
സാമ്പിളുകൾ ഭോപ്പാലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസ്, വെറ്റിനറി ലബോറട്ടറി എന്നിവയിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പരിശോധനാ ഫലത്തിൽ ആടുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചില്ല. ആടുകൾക്ക് പിപിആർ, മൈകോപ്ലാസ്മ തുടങ്ങിയ രോഗം ബാധിച്ചതായി സംശയിക്കുന്നു. ഇത് മറ്റ് മൃഗങ്ങളിലേക്കും പകരാൻ സാധ്യത ഉള്ളതിനാലാണ് ആടുകൾക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്തിയത്.