പനാജി: ഗോവയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന കാര്‍ണിവല്‍ ഫെസ്റ്റിവല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമാക്കിയേക്കും. ടൂറിസം മന്ത്രി മനോഹര്‍ അജ്‌ഗനോക്കറാണ് ഇത് സംബന്ധിച്ച പ്രസ്‌താവന നടത്തിയത്. ഫെബ്രുവരി 13 മുതലാണ് ഗോവയില്‍ കാര്‍ണിവല്‍ നിശ്ചയിച്ചിരിക്കുന്നത്. ഏറെ പ്രശസ്‌തിയാര്‍ജിച്ച കാര്‍ണിവല്‍ ആഘോഷങ്ങള്‍ നടത്തുകയാണെങ്കില്‍ രണ്ട് നഗരങ്ങളില്‍ മാത്രമാക്കി ചുരുക്കുമെന്നും അന്തിമ തീരുമാനം വൈകാതെ സ്വീകരിക്കുമെന്നും ടൂറിസം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കാര്‍ണിവല്‍ സംഘടിപ്പിക്കുകയാണെങ്കില്‍ പനാജിയും മാര്‍ഗോ നഗരങ്ങളുമായിരിക്കും തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പ്രധാനനഗരങ്ങളിലും വര്‍ഷം തോറും കാര്‍ണിവല്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഗോവയുടെ കൊളോണിയല്‍ പോര്‍ച്ചു ഗീസ് പാരമ്പര്യത്തിന്‍റെ പ്രതീകമായി സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ ആഘോഷങ്ങള്‍ സാധാരണയായി നോമ്പുകാലത്തിന് മുന്‍പായാണ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗോവയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് വരികയാണ്. ഇതുവരെ 52,977 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 762 പേര്‍ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു.