പനാജി: ഗോവ സ്വദേശികൾക്ക് വിനോദ സഞ്ചാരത്തിന് അനുമതി നൽകി ഗോവ ഗവർണർ സത്യപാൽ മാലിക്. ഗോവ കൊവിഡ് രഹിതമായെന്ന് എല്ലാവരും അറിഞ്ഞ് കഴിഞ്ഞു. ആഭ്യന്തര വിനോദ സഞ്ചാരികൾക്ക് സ്വാഗതം. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഗോവ രോഗമുക്തി നേടിക്കഴിഞ്ഞു. കുറച്ചു കഴിഞ്ഞാൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും വിനോദസഞ്ചാരികൾക്ക് ഗോവയിലെത്താൻ സാധിക്കുമെന്നും ഗവർണർ പറഞ്ഞു.
ലോക്ക് ഡൗൺ മൂലം ഗോവയിലെ വ്യവസായങ്ങൾക്ക് വലിയ നഷ്‌ടം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് വ്യവസായ ശാലകൾ പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാരുടെയും കുടിയേറ്റ തൊഴിലാളികളുടെയും സുരക്ഷ സർക്കാർ ഉറപ്പ് നൽകുന്നു. തൊഴിലില്ലായ്‌മ ഗോവയിൽ ഒരു പ്രതിസന്ധിയല്ല. ഖനന വ്യവസായം വീണ്ടും ആരംഭിക്കുകയാണെങ്കിൽ 3,500 കോടി വരുമാനം സർക്കാരിന് ലഭിക്കും, അത് ഗോവയുടെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തും.
കൊവിഡ് നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കിയതിന് ഗോവ ഗവർണർ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചു. കേന്ദ്രസർക്കാരിന്‍റെ നിർദേശമനുസരിച്ച് ജനുവരി മുതൽ ആളുകളെ നിരീക്ഷിക്കുന്നുണ്ട്. ഇപ്പോൾ വിദേശത്ത് നിന്നെത്തുന്നവരെ പരിശോധിച്ചു വരികയാണ്. പരിശോധനക്ക് ശേഷം ഇവരെ കൊവിഡ് കേന്ദ്രങ്ങളിലോ, ഹോം ക്വാറന്‍റൈനിലോ വിടുന്നു. ഗോവയിൽ ആരും തന്നെ ലോക്ക് ഡൗൺ നിയമലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.