പനാജി: ഗോവയിലെ കൊവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദിഗമ്പർ കമ്മത്ത്. മംഗൂർ ഹിൽ പ്രദേശത്ത് അടുത്തിടെ നാല്‍പ്പതോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ആവശ്യം.
സർക്കാർ ഉടൻ തന്നെ ധവളപത്രം പുറത്തിറക്കി കൊവിഡ് പരിശോധന, ചികിത്സ എന്നിവ സംബന്ധിച്ച് പൂർണ സുതാര്യത നൽകണമെന്നും കമ്മ്യൂണിറ്റി ടെസ്റ്റിങ് ത്വരിതപ്പെടുത്തുകയും ജനങ്ങളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുകയും വേണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഗോവയിൽ ഇതുവരെ 79 കൊവിഡ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 22 എണ്ണം സജീവമാണ്.