ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിയുടെ വിമർശനത്തിന് തിരിച്ചടിച്ച് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ഡൽഹിയിൽ പോയി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയോട് ഒവൈസി ആവശ്യപ്പെട്ടു. എന്തിനാണ് കിഷൻ ഹൈദരാബാദിൽ തുടരുന്നതും ഡൽഹിയിൽ പോയി അവിടത്തെ സംഘർഷം അവസാനിപ്പിക്കണമെന്നും ഒവൈസി പറഞ്ഞു.
പൊലീസ് കലാപകാരികൾക്കൊപ്പം നിൽക്കുകയാണെന്നുള്ള ഒവൈസിയുടെ പ്രസ്താവനയെ വിമർശിച്ച് കിഷൻ റെഡ്ഡി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിലാണ് ഒവൈസിയുടെ മറുപടി. ഒവൈസിയുടെ പ്രസ്താവന നിരുത്തരവാദിത്വപരവും ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ മുൻപും ഒവൈസി നടത്തിയിട്ടുണ്ടെന്നാണ് കിഷൻ റെഡ്ഡി പറഞ്ഞത്.
ഡൽഹി സംഘർഷം വർഗീയ പ്രശ്നമല്ലെന്നും മുൻ ബിജെപി എംഎൽഎ കപിൽ മിശ്രയുടെ പ്രകോപനരമായ പ്രസംഗമാണ് ഇതിന് കാരണമെന്നും ഒവൈസി കുറ്റപ്പെടുത്തി. ഞായറാഴ്ച ഭേദഗതിയെ അനുകൂലിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്‌പൂരില്‍ പ്രകടനം നടന്നു. പ്രതിഷേധക്കാരെ മൂന്ന് ദിവസത്തിൽ പിരുച്ചുവിടണമെന്ന് കപിൽ മിശ്ര പൊലീസിന് അന്ത്യശാസനം നൽകി. തുടർന്ന് അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഉണ്ടായ കല്ലേറാണ് സംഘർഷത്തില്‍ കലാശിച്ചത്.
അതേസമയം ഡൽഹിയിൽ അക്രമം തുടരുന്നതിനാൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സംഘർഷത്തെ തുടർന്ന് ഡൽഹിയിൽ ഉന്നതതലയോഗം ചേർന്നു. നിലവിൽ ഏഴു മരണമാണ് സംഘർഷത്തിൽ ഉണ്ടായിരിക്കുന്നത്.