ഹൈദരാബാദ്: ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,48,97,614 കടന്നു. ഇതുവരെ കൊവിഡ് ബാധിച്ച് 8,40,649 പേർ മരിച്ചെന്നും 1,72,86,392 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ പറയുന്നു. യുഎസിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ ഉള്ളത്. 60,94,890 പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്. 1,80,000 കൊവിഡ് മരണവും യുഎസിൽ റിപ്പോർട്ട് ചെയ്‌തു. ബ്രസീലിലെ കൊവിഡ് ബാധിതർ 38,00,000 കടന്നു. രാജ്യത്ത് 1,19,000 കൊവിഡ് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.
കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ മലേഷ്യയിൽ വിനോദ സഞ്ചാരികളെ നിരോധിച്ചു. ഈ വർഷം അവസാനം വരെയാണ് ഈ തീരുമാനം നിലനിൽക്കുക. മലേഷ്യയിൽ 9,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 125 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജ്യത്തിന്‍റെ അതിർത്തികൾ അടച്ചെന്നും മലേഷ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്‍റൈൻ കർശനമാണെന്നും അധികൃതർ പറഞ്ഞു.