ജയ്പൂർ: മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയുൾപ്പെടെയുള്ള കൊവിഡ് -19 പ്രോട്ടോക്കോൾ പിന്തുടരുന്നതിന് ജനങ്ങളെ ബോധവത്കരിക്കുന്നതിന് വൻതോതിലുള്ള പൊതു പ്രചരണം നടത്താനൊരുങ്ങി രാജസ്ഥാൻ സർക്കാർ. പ്രചരണത്തിനായി വിശദമായ കർമപദ്ധതി തയ്യാറാക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൊവിഡ് അവലോകന യോഗത്തിനിടെ, കൊവിഡ് അനുബന്ധ പ്രോട്ടോക്കോൾ പിന്തുടരുന്നതിൽ ആളുകൾ കാണിക്കുന്ന അശ്രദ്ധയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി വലിയ തോതിലുള്ള പൊതു പ്രചാരണത്തിലൂടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് ഊന്നിപ്പറഞ്ഞു.
സാമൂഹ്യ പ്രവർത്തകർ, എൻജിഒകൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവരെ പ്രചാരണ പരിപാടിയിൽ ഉൾപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ മാസ്ക്കില്ലാതെ ആരും വരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിന് നേതൃത്വം നൽകേണ്ടത് പൊതുജന പ്രതിനിധികളും സാമൂഹിക സംഘടനകളുമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രി രഘു ശർമ്മ, ചീഫ് സെക്രട്ടറി രാജീവ സ്വരൂപ്, ഡിജിപി ഭൂപേന്ദ്ര സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.