വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റിൽ വാതക ചോര്‍ച്ച സംഭവിച്ച വാർത്തയുമായാണ് ഇന്ന് രാജ്യം ഉണർന്നത്. അതിദാരുണമായ ദുരന്തത്തിൽ 11 ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. ആർ.ആർ വെങ്കടപുരം ഗ്രാമത്തിൽ എൽ.ജി പോളിമർ വ്യവസായ കേന്ദ്രത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. വ്യാഴാഴ്‌ച പുലര്‍ച്ചെ 2.30 നായിരുന്നു അപകടം. ചോർന്നത് സ്റ്റൈറീൻ വാതകമാണെന്ന് ഇതോനടകം തന്നെ അധികൃതർ സ്ഥിരീകരിച്ചു കഴിഞ്ഞു.
വാതക ചോർച്ച ഏകദേശം അഞ്ച് കിലോമീറ്ററോളം വ്യാപിച്ചതായാണ് വിവരം. എണ്ണൂറിലധികം ആളുകളെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ദുരന്തബാധിത പ്രദേശത്ത് നിന്നും ദേശീയ ദുരന്ത നിവാരണ സേനാ വിദഗ്‌ധരുടെ സഹായത്തോടെ 1500ഓളം ആളുകളെയാണ് ഒഴിപ്പിച്ചത്. 27 അംഗ വിദഗ്‌ധ സംഘം സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ സേനാംഗങ്ങളുമായി കൂടികാഴ്‌ച നടന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായമാണ് ആന്ധ്രാ സർക്കാർ പ്രഖ്യാപിച്ചത്. കൂടാതെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചവർക്ക് 10 ലക്ഷം രൂപയും രണ്ട്, മൂന്ന് ദിവസം ആശുപത്രിയിൽ കഴിയുന്ന ഇരകൾക്ക് ഒരു ലക്ഷവും നിസാര പരിക്കുകളുള്ളവര്‍ക്ക് 25,000 രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി അറിയിച്ചു. ഉച്ചക്ക് രണ്ട് മണിയോടെ മുഖ്യമന്ത്രി വിശാഖപട്ടണത്ത് എത്തിയിരുന്നു. നിരവധി പേരെ പ്രവേശിപ്പിച്ച കിംഗ് ജോർജ്ജ് ആശുപത്രിയിൽ അദ്ദേഹം സന്ദർശനം നടത്തി. അതേസമയം ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ് നൽകി. അപകടം എങ്ങനെ സംഭവിച്ചുവെന്നതിൽ അന്വേഷണം ആരംഭിക്കാൻ ഡിജിപി ദാമോദർ ഗൗതം ഉത്തരവിട്ടു. ദുരന്തത്തിൽ ഫാക്‌ടറി അധികൃതരോട് സംസ്ഥാനം വിശദീകരണം ആവശ്യപ്പെട്ടു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്ധ്രാപ്രദേശ് വ്യവസായ മന്ത്രി എം.ജി റെഡ്ഡി അറിയിച്ചു.
രാജ്യത്തെ നടുക്കിയ വാതക ദുരന്തത്തിൽ നിരവധി ദേശീയ നേതാക്കൾ അനുശോചിച്ചു. പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, അമിത് ഷാ, രാഹുൽ ഗാന്ധി, ജെ.പി നദ്ദ, എൻ. ചന്ദ്രബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് തുടങ്ങി അനവധി ദേശീയ നേതാക്കളാണ് ദുരന്തത്തിൽ അപലപിച്ചത്.