സൂററ്റ്: റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായി ഹെൽമെറ്റ് ധരിച്ച് ഗാർബ നൃത്തം ചെയ്ത് സൂററ്റിൽ നിന്നുള്ള നൃത്ത സംഘം. സൂററ്റിലെ വി.ആർ മാളിൽ ഞായറാഴ്ചയായിരുന്നു നവരാത്രി ആഘോഷം വത്യസ്‌തമാക്കുന്നതിന്‍റെ ഭാഗമായി ഹെൽമെറ്റ് ധരിച്ച് നൃത്തം അവതരിപ്പിച്ചത്. നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള പരമ്പരാഗത ഗുജറാത്തി നൃത്തരൂപമാണ് ഗാർബ.
ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് സ്വന്തം സുരക്ഷക്കാണെന്നും സർക്കാർ നിർബന്ധിത നടപടിയായി ഇതിനെ കാണരുതെന്നും നൃത്ത സംഘത്തിലെ അംഗങ്ങൾ പറഞ്ഞു. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഒരു ശീലമാക്കി മാറ്റിയാൽ ജീവിതത്തിൽ കൂടുതൽ ഉത്സവങ്ങളുടെ ഭാഗമാകാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. സെപ്തംബര്‍ 29 മുതൽ ഒക്‌ടോബർ ഏഴ് വരെയാണ് ഇത്തവണത്തെ നവരാത്രി ആഘോഷം.