ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ആരംഭിച്ച കണ്‍ട്രോള്‍ റൂമുകളെ സംയോജിപ്പിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗംഗേവാര്‍ ഇക്കാര്യം സംസ്ഥാന - കേന്ദ്ര ഭരണപ്രദേശ സര്‍ക്കാറുകളെ അറിയിച്ചു. അതത് സംസ്ഥാന - കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാറുകള്‍ തൊഴില്‍ വകുപ്പിലെ ഒരു നോഡല്‍ ഓഫീസറെ കോള്‍ സെന്‍ററുകളുടെ നിയന്ത്രണത്തിനായി നിയോഗിക്കണം.
ഇവര്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിലെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 കണ്‍ട്രോള്‍ റൂമുകളുമയി ബന്ധപ്പെട്ട് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ശമ്പളം, ആനുകൂല്യങ്ങള്‍, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം വഴി പരിഹാരം കാണാം. 2100 ഓളം കോളുകളാണ് ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്. 1400 പരാതികളും ലഭിച്ചു. 20 കണ്‍ട്രോള്‍ റൂമുകളില്‍ നിയോഗിച്ച ഉദ്യേഗസ്ഥരുടെ പേര് വിവരങ്ങളും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.