ലഖ്‌നൗ: ലഖ്‌നൗവിലെ സരോജിനി നഗർ പൊലീസ് സ്‌റ്റേഷന് സമീപം നടന്ന ഏറ്റുമുട്ടലിൽ ഗുണ്ടാതലവന്‍ രാകേഷ് പാണ്ഡെയെ പൊലീസ് കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായി നടന്ന ഏറ്റുമുട്ടലിലാണ് രാകേഷ് പാണ്ഡെ കൊല്ലപ്പെട്ടതെന്ന് പൊലീസ് ഇൻസ്പെക്‌ടർ ജനറൽ അമിതാഭ് യാഷ് പറഞ്ഞു. ഹനുമാൻ പാണ്ഡെ എന്നറിപ്പെടുന്ന രാകേഷ് പാണ്ഡെയുടെ തലയ്‌ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു.
2005 ൽ മുഹമ്മദാബാദ് നിയോജകമണ്ഡലത്തിലെ എംഎൽഎ ആയിരുന്ന കൃഷ്‌ണാനന്ദ് റായിയെയും ആറ് പേരെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാകേഷ് പാണ്ഡെ. ഇതുകൂടാതെ നിരവധി കേസുകളിലും രാകേഷ് പാണ്ഡെ പ്രതിയായിരുന്നു. കൃഷ്‌ണാനന്ദിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം യുപി പൊലീസിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറിയിരുന്നു.
കൃഷ്‌ണാനന്ദ് റായിയുടെ ഭാര്യ അൽക റായ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് 2013-ൽ കേസ് ഗാസിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത്. കൃഷ്‌ണാനന്ദ് കൊലക്കേസില്‍ രാഷ്ട്രീയ പ്രവർത്തകനും ഗുണ്ടാനേതാവുമായിരുന്ന മുഖ്‌താർ അൻസാരിയെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്‌ത് 2019 ഒക്ടോബറിൽ അൽക റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏഴ് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വളരെ പ്രധാനമായ കേസാണിതെന്ന് സിബിഐ കോടതി പറഞ്ഞിരുന്നു.