ന്യൂഡൽഹി: ഡൽഹി പൊലീസ് സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർ ഗംഗാ റാം ആശുപത്രി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഡൽഹി സർക്കാരാണ് ആശുപത്രിക്കെതിരെ പരാതി നല്‍കിയത്. വെള്ളിയാഴ്ച സമർപ്പിച്ച ഹർജി ജൂൺ 15 ന് ജസ്റ്റിസ് സി. ഹരിശങ്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
സർ ഗംഗാ റാം ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിനെതിരെ ഡൽഹി സർക്കാർ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പരാതി നൽകിയിരുന്നു. എപ്പിഡെമിക് ഡിസീസ് കൊവിഡ് റെഗുലേഷൻ 2020 പ്രകാരം പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 188 പ്രകാരം ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിനെതിരെയാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.