സമൂഹത്തിലെ പിന്നാക്ക ജനവിഭാഗത്തിന്‍റെ ഉന്നമനത്തിനായി രാജ്യം മുഴുവൻ സഞ്ചരിക്കാൻ മഹാത്മാഗാന്ധി തീരുമാനിച്ചു. അതിന്‍റെ ഭാഗമായി മഹാത്മാഗാന്ധി 1933 നവംബർ 22ന് ഛത്തീസ്‌ഗഢ് സന്ദർശിച്ചു. ഗാൻഷ്യം സിംഗ് ഗുപ്തയുടെ വസതിയിൽ താമസിച്ച ഗാന്ധിജി, ദുർഗില്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
നവംബർ 28 വരെ ബാപ്പു റായ്പൂരിൽ താമസിച്ചു. രാവിലെ ബാപ്പു ശുക്ല നിവാസിലെ ഭജൻ പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. പകൽ സമയത്ത് സമീപ പ്രദേശങ്ങളിൽ പര്യടനം നടത്തും. ഈ സമയത്ത് ഛത്തീസ്‌ഗഢിലെ ജനങ്ങൾ ഹരിജൻ ഫണ്ടിലേക്ക് സാധനങ്ങൾ സംഭാവന ചെയ്യുമായിരുന്നു. ബാപ്പു വസ്തുക്കൾ ലേലം ചെയ്യുകയും ഫണ്ടിലേക്ക് ആവശ്യമായ തുക ശേഖരിക്കുകയും ചെയ്തു.
ഛത്തീസ്‌ഗഢിലെ പിന്നാക്ക സമുദായത്തിന്‍റെ ഉന്നമനത്തിനായി അശ്രാന്തം പ്രവർത്തിച്ച പണ്ഡിറ്റ് സുന്ദർലാൽ ശർമയുടെ ശ്രമങ്ങളെയും ബാപ്പു അഭിനന്ദിച്ചു. തൊട്ടുകൂടായ്മയും ജാതി വിവേചനവും ഇല്ലാതാക്കാൻ ഗാന്ധിജി ഇവിടെ അഹോരാത്രം പ്രവർത്തിച്ചു. ബിലാസ്‌പൂർ, ഭട്ടപ്പാറ, ധംതാരി തുടങ്ങി നിരവധി ചെറിയ ഗ്രാമങ്ങൾ സന്ദർശിച്ച ഗാന്ധിജി ആളുകളുമായി കൂടിക്കാഴ്ച നടത്തി സ്നേഹത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നും ഛത്തീസ്‌ഗഢിലെ സാമൂഹ്യ ഐക്യത്തിന് പിന്നിൽ ബാപ്പുവിന്‍റെ പ്രഭാവം അനുഭവപ്പെടുന്നുണ്ട്.