മുംബൈ: കഴിഞ്ഞ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതല്ല മറിച്ച് ശിവസേന വഞ്ചിച്ചതാണെന്നാരോപിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരി. ശനിയാഴ്ച നടന്ന ബിജെപി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യകക്ഷികളെ മാത്രമല്ല പ്രത്യയശാസ്‌ത്രത്തെയും സേന ഉപേക്ഷിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഒക്‌ടോബർ 21ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സേനയും ചേർന്ന് 105, 56 എന്നിങ്ങനെ സീറ്റിന്‍റെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ വിസമ്മതിച്ചതിനെതുടർന്ന് സേന ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
ശേഷം എൻസിപി, കോൺഗ്രസ് സഖ്യവുമായി ചേർന്ന സേന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. അടുത്തിടെ നാഗ്‌പൂരിൽ നടന്ന ജില്ലാ പരിഷത്ത് ഫലത്തിൽ ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടേണ്ടതായിരുന്നു. നാഗ്‌പൂർ ഗ്രാമത്തിലും നഗരത്തിലും ബിജെപിയുടെ ശക്തി ഇപ്പോഴും നിലനിൽക്കുന്നുണ്ട്, ഞങ്ങൾക്കെതിരെ ഒത്തുചേർന്നവരെ തീർച്ചയായും പരാജയപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാർട്ടിയുടെ അടിത്തറ വികസിപ്പിക്കുന്നതിലും ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗഡ്‌കരി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.