മലപ്പുറം: രണ്ടര പതിറ്റാണ്ടുകാലമായി പാമ്പുകൾക്കൊപ്പമുള്ള ജീവിതമാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ബിനീഷ് കുമാറിന്‍റേത്. മൂർഖൻ മുതൽ രാജവെമ്പാല വരെ ഏത് പാമ്പും അനുസരണയോടെ ബിനീഷ് കുമാറിനു മുന്നിൽ നിൽക്കും. വനം വകുപ്പിന്‍റെ മലമ്പുഴയിലെ പാമ്പ് പുനരധിവാസകേന്ദ്രത്തിലെ താൽകാലിക ജീവനക്കാരനാണ് ബിനീഷ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇദ്ദേഹത്തിന് പാമ്പുകളോട് കമ്പവും ആരാധനയും തോന്നി തുടങ്ങുന്നത്.
വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ് പാമ്പുപിടിത്തക്കാരന്‍റെ മുന്നിൽ പത്തിമടക്കി നിൽക്കുന്നത് കണ്ടപ്പോൾ, അയാളോട് തോന്നിയ ആരാധനയാണ് പാമ്പ് പിടിത്തത്തിലേയ്ക്ക് ബിനീഷിന് വഴിയൊരുക്കിയത്. പിന്നീടങ്ങോട്ട് പാമ്പുകളുമായി ഇണങ്ങാനുള്ള ഒരു ത്വരയാണ് ബിനീഷിനുണ്ടായിരുന്നത്. അന്ന് പരിചയപ്പെട്ട പാമ്പുപിടിത്തകാരനെ തന്നെ ബിനീഷ് തന്‍റെ പരിശീലകനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന് കീഴിൽ പാമ്പ് പിടിത്തം പരിശീലിക്കാൻ ബിനീഷ് കുമാർ തീരുമാനിച്ചു. പിന്നീട് കണ്ടുമുട്ടിയ പലരിൽ നിന്നായി നിരവധി പാഠങ്ങൾ ബിനീഷ് കുമാർ പഠിച്ചു. കോയമ്പത്തൂർ സ്വദേശിയായ പാർഥസാരഥിയും ബിനീഷിന്‍റെ വഴികളിൽ ഏറെ സ്വാധീനം ചെലുത്തി. ആയിരത്തോളം പാമ്പുകളുള്ള കൂട്ടിനുള്ളിൽ ആഴ്ചകളോളം ചെലവഴിക്കുന്ന സർപ്പയജ്ഞ പരിപാടികളും ബിനീഷ് കുമാർ സംഘടിപ്പിച്ചിട്ടുണ്ട്.
1996ല്‍ മലമ്പുഴ സ്നേക്ക് പാർക്കിൽ താൽകാലിക ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചു. പാർക്കിലെ വിഷമുള്ളതും ഇല്ലാത്തതുമായ നൂറോളം പാമ്പുകളുടെ പരിചാരക വേഷം ബിനീഷ് സ്വയം അണിഞ്ഞു. രാജവെമ്പാലയെ മുതലുള്ള പാമ്പുകളെ കുളിപ്പിക്കുന്നതും ഭക്ഷണം നൽകുന്നതും ബിനീഷ് തന്നെ. ഇതിനോടകം പതിനായിരക്കണക്കിന് പാമ്പുകളെ പിടികൂടിയിട്ടുള്ള ഇദ്ദേഹം നൂറോളം രാജവെമ്പാലയെ പിടികൂടി കാട്ടിൽ അയച്ചിട്ടുണ്ട്. രണ്ട് തവണ പാമ്പ് കടിയേറ്റ് മരണത്തിന്‍റെ വക്കോളം എത്തിയെങ്കിലും തന്‍റെ തൊഴിൽ ജീവനേക്കാൾ പ്രിയപ്പെട്ടതാണെന്ന് ബിനീഷ് കുമാർ പറയുന്നു. തന്‍റെ രണ്ടു മക്കൾക്കും പാമ്പ് പിടുത്തത്തിൽ ഇദ്ദേഹം പരിശീലനം നൽകുന്നുണ്ട്.
നേരത്തെ വനം വകുപ്പ് താൽകാലിക പാമ്പ് സംരക്ഷകരെ വാച്ചർമാരായി നിയമിച്ചിരുന്നെങ്കിലും 20 വർഷം പൂർത്തിയാകാത്തതിനാൽ ഇദ്ദേഹത്തിന് അവസരം നഷ്ടമായി. കൊവിഡ് കാലത്ത് മലമ്പുഴ പുനരധിവാസ കേന്ദ്രം അടച്ചതോടെ 15 ദിവസത്തെ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. വരുമാനം പാതിയായി കുറഞ്ഞതോടെ ജീവിതം മുന്നോട്ട് നീക്കാൻ ബുദ്ധിമുട്ടുകയാണ് ബിനീഷ്.