കൊൽക്കത്ത: പശ്ചിമ ബംഗാൾ-ജാർഖണ്ഡ് വനാതിർത്തിയിൽ കണ്ടെത്തിയ കടുവയുടെ കാൽപ്പാടുകൾ ഞായറാഴ്ച ജാർഖണ്ഡിലെ ഘട്‌സിലയിൽ കണ്ടെത്തിയതിന് സമാനമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. പശ്ചിമ ബംഗാളിലെ ഝാർഗ്രാം ജില്ലയിൽ രണ്ടിടങ്ങളിൽ കണ്ടതും ഇതേ കടുവയുടെ കാൽപ്പാടുകൾ ആണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അതേസമയം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനടുത്തായി പശുവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
കടുവ ബംഗാളിൽ നിന്നും ഡൽമ വനമേഖലയിലൂടെ ജാർഖണ്ഡിലെത്തിയതാകാം എന്നാണ് കരുതുന്നത്. ജനവാസ മേഖലയിൽ കടുവ ഇറങ്ങിയത് ഭീതി പരത്തിയതോടെ വനംവകുപ്പ് ജാഗ്രതയിലാണ്. കടുവയെ കണ്ടെത്താൻ പ്രദേശങ്ങളിൽ കൂടുതൽ ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ഝാർഗ്രാം ജില്ലയിൽ കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി അഞ്ച്, ആറ് തിയതികളിൽ ജില്ലയിലെ ബിൻപൂർ, ബെൽപഹാരി പ്രദേശങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.