ന്യൂഡൽഹി: സമീപകാലത്ത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്ര്യങ്ങളിലൊന്നാണ് സംസാര സ്വാതന്ത്ര്യമാണെന്ന് ചീഫ് ജസ്റ്റിസ് (സിജെഐ) എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്. ഡൽഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത്തും കൊവിഡും സംബന്ധിച്ച കാര്യങ്ങൾ കൂട്ടിച്ചേർത്ത് മാധ്യമങ്ങൾ നടത്തിയ സാമുദായിക പ്രചാരണം ചോദ്യം ചെയ്ത് ജാമിയത്ത് ഉലമ-ഇ-ഹിന്ദും മറ്റുള്ളവരും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ, തെറ്റായ റിപ്പോർട്ട് സമർപ്പിക്കുകയും അത്തരം സംഭവങ്ങൾ നിഷേധിക്കുകയും ചെയ്ത സർക്കാരിനെ ബെഞ്ച് ശാസിച്ചു.
മാധ്യമങ്ങൾക്കെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും തെറ്റായ റിപ്പോർട്ട് നൽകി തങ്ങളുടെ അധികാരങ്ങൾ വിനിയോഗിച്ചവർക്കെതിരെ എല്ലാ നിയമങ്ങളും ഉൾപ്പെടുത്തി മറ്റൊരു സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.