ബെംഗളൂരു: ജെഎന്‍യു അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ കര്‍ണാടകയിലെ മൈസൂരില്‍ സ്വതന്ത്ര കശ്‌മീര്‍ അനുകൂല ബോര്‍ഡുമായെത്തിയ പെണ്‍കുട്ടി ഖേദപ്രകടനവുമായി രംഗത്ത്. നളിനി ബാലകൃഷ്‌ണനാണ് സമൂഹമാധ്യമത്തിലൂടെ ഖേദപ്രകടനം നടത്തിയത്. മൈസൂര്‍ സര്‍വകലാശാലക്ക് സമീപത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയ ജമ്മുകശ്‌മീരില്‍ ഇന്‍റര്‍നെറ്റ് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നളിനി രംഗത്തെത്തിയത്. ബോര്‍ഡ് കൈയിലേന്തി നില്‍ക്കുന്ന നളിനിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും വൈറലായിരുന്നു. ഇതിനെതിരെ മൈസൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പിന്നീട് ഇടക്കാല ജാമ്യത്തിനായി നളിനി കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.
രാജ്യത്തിനെതിരെയുള്ള യാതൊരു പ്രവൃത്തിയിലും പങ്കുചേര്‍ന്നിട്ടില്ലെന്നും തന്‍റെ വാദങ്ങൾ ആളുകൾക്കിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാന്‍ കാരണമായെന്നും നളിനി പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും നളിനി കൂട്ടിച്ചേര്‍ത്തു.