ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദര്‍ശിക്കാത്തതിനു കാരണം കേന്ദ്രസർക്കാർ നിലപാടെന്ന് മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. 2017 നവംബറിൽ മ്യാൻമാർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും സന്ദർശിക്കാൻ ഒരുക്കമാണെന്നു വത്തിക്കാൻ അറിയിച്ചെങ്കിലും അതു നടക്കാതെ പോയത് കേന്ദ്രസർക്കാർ നിലപാട് കാരണമാണെന്നുമായിരുന്നു ക്ലീമീസ് കാതോലിക്കാ ബാവയുടെ ആരോപണം.
ഇന്ത്യയിലേക്കു വരാനുള്ള ആഗ്രഹം പലതവണ മാര്‍പ്പാപ്പ പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകൂടം എടുക്കുന്ന ഉത്തരവാദിത്തപൂർണമായ നിലപാടിലൂടെ മാത്രമേ അതു സാധ്യമാകൂ. എന്നാൽ, അത്തരം നിലപാടല്ല ഭരണകൂടം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ സന്ദർശിക്കാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിട്ടും അതു നടക്കാതെ പോകുന്നത് ദൗർഭാഗ്യകരമാണെന്നും കർദിനാൾ പറഞ്ഞു.
അതേസമയം, മാർപാപ്പയുടെ യുഎഇ സന്ദർശനത്തിൽ പ്രവാസികളായ മലയാളികൾ ഏറെ സന്തോഷത്തിലാണെന്നും യുഎഇ ഭരണകൂടം എടുത്ത ഉദാരമായ സമീപനമാണ് അതിനു കാരണമെന്നും കർദിനാൾ വ്യക്തമാക്കി. അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിന്‍റെ ഭാഗമാകാനാണ് കർദിനാൾ യുഎഇയിലെത്തിയത്.