ലക്‌നൗ: പൗരത്വ ദേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. 2019 ഡിസംബർ 20ന് ഉണ്ടായ പ്രതിഷേധത്തിനിടെ കല്ലെറിഞ്ഞ സംഭവത്തിൽ ഷമീം, ഇനാം ഷമീം, അൽവി, സൽമാൻ എന്നിവരെയാണ് വ്യാഴാഴ്‌ച വൈകുന്നേരം അറസ്റ്റ് ചെയ്‌തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ക്കെതിരെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലും ഒരാൾക്കെതിരെ കോട്‌വാലി പൊലീസ് സ്റ്റേഷനിലുമാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ മുസാഫര്‍നഗറില്‍ അറസ്റ്റിലായവരുടെ എണ്ണം 85 കടന്നു.
സമാന സംഭവത്തെ തുടര്‍ന്ന് യുപി പൊലീസും ബുധനാഴ്‌ച വൈകുന്നേരം രണ്ട് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാല്‍ അക്രമത്തിൽ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പതിനെട്ട് പേരെ കോടതി വിട്ടയച്ചിരുന്നു. പൗരത്വ ദേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 1,200ഓളം പേരെ അറസ്റ്റ് ചെയ്യുകയും 5,550 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്‌തതായാണ് റിപ്പോര്‍ട്ട്.