മുൻ പി എസ് സി ചെയർമാൻ ഡോ കെ എസ് രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ് ബിജെപിയിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് രാധാകൃഷ്ണൻ പ്രതികരിച്ചു. ഒരു ദശാബ്ദത്തിലേറെയായി കോൺഗ്രസിൽ പ്രവർത്തിച്ചതിന് ശേഷം ഞാൻ ബിജെപിയിൽ ചേർന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെ ഫലപ്രദമായ നേതൃപാടവത്തിൽ ആകൃഷ്ടനായാണ്. പാർട്ടിയിൽ സ്ഥാനം നൽകുന്നത് വ്യക്തിയുടെ കഴിവ് പരിഗണിച്ചാകണം അല്ലാതെ കുടുംബപശ്ചാത്തലം പരിഗണിച്ചാകരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് മോദിയെന്നും രാധാകൃഷ്ണൻ പറഞ്ഞു. അഴിമതി തുടച്ചുനീക്കുന്നതിനും രാജ്യത്തെ ദരിദ്രവിഭാഗത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. രാഷ്ട്രീയ വ്യവഹാരങ്ങളിൽ വലിച്ചിഴക്കപ്പെട്ടവരെ വീണ്ടെടുക്കുകയാണ് മോദി ചെയ്തതെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ ബിജെപി സ്ഥാനാർഥിയായിരാധാകൃഷ്ണൻ മത്സരിക്കുമെന്നും സൂചനയുണ്ട്.
2004 മുതൽ 2008 വരെ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറായിരുന്ന രാധാകൃഷ്ണന്‍ 2011ലാണ് കേരള പി എസ് സി ചെയർമാനായി നിയമിതനായത്.