ന്യൂഡൽഹി: ഗുരുഗ്രാം ജില്ലാ ജയിൽ പൊട്ടിത്തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുൻ പൊലീസ് സൂപ്രണ്ടിന്‍റെ മകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുൻ പൊലീസ് സൂപ്രണ്ട് ആയിരുന്ന ധരംവീർ ചൗട്ടാലയുടെ മകൻ രവി ആനന്ദ് ചൗട്ടാലയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഭീഷണിയുമായെത്തിയത്.
ഗുരുഗ്രാം ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായി ജോലിയിലിരിക്കെ ജയിൽ തടവുകാർക്ക് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ തുടങ്ങിയവ വിതരണം ചെയ്‌തതിനെ തുടർന്ന് ധരംവീർ ചൗട്ടാല അറസ്റ്റിലാണ്. അച്ഛനെയും മറ്റ് ചില തടവുകാരെയും മോചിപ്പിക്കണമെന്നും സന്ദേശത്തിൽ രവി ആനന്ദ് ചൗട്ടാല ആവശ്യപ്പെട്ടു. സന്ദേശത്തിലെ ശബ്‌ദം വിശകലനം ചെയ്‌തെന്നും ഇത് രവിയുടെ ശബ്‌ദവുമായി പൊരുത്തപ്പെട്ടതിനെ തുടർന്ന് രവിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് എസിപി പ്രീത് പാൽ സിംഗ് സാങ്‌വാൻ പറഞ്ഞു. ജയിൽ നിരീക്ഷണത്തിനായി ഇന്‍റലിജൻസ് വിഭാഗത്തിന് നിർദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുഗ്രാം പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ചൗട്ടാലയുടെ വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡിൽ 230 ഗ്രാം ചരസ്, 4ജി സിമ്മുകളുള്ള 11 മൊബൈൽ ഫോണുകൾ, മൊബൈൽ ബാറ്ററികൾ എന്നിവ കണ്ടെടുത്തിരുന്നു.