അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിന്‍റെ പൊടിയും പുകയും നിറഞ്ഞ ഇരുണ്ട അന്തരീക്ഷം മാറി വെയില്‍ പരന്നതോടെ ഡല്‍ഹി നിവാസികള്‍ക്ക് കുറച്ച് ആശ്വാസമായി. എന്നാല്‍ രാജ്യതലസ്ഥാനത്ത് താമസിക്കുന്ന, വിദേശ നയതന്ത്ര പ്രതിനിധി സമൂഹം കടുത്ത ആശങ്കയിലാണ്. എല്ലാ വര്‍ഷവും ഈ സീസണില്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ പ്രതിനിധികള്‍ പ്രകടിപ്പിക്കുകയും ചെയ്തു. വിദേശയാത്രയിലുള്ള നയതന്ത്ര പ്രതിനിധി സംഘ മേധാവി തിരികെ എത്തിയാലുടന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.
ഡല്‍ഹി നിവാസികളെ പോലെതന്നെ മലിനമായ വായുവാണ് വിദേശത്ത് നിന്നെത്തിയ നയതന്ത്രജ്ഞര്‍ക്കും ശ്വസിക്കേണ്ടി വരുന്നത്. വ്യാവസായികാവശ്യങ്ങള്‍ക്കും വിനോദയാത്രയ്ക്കായുമൊക്കെ വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് എത്തുന്ന സന്ദര്‍ശകരേയും ഈ മോശം അന്തരീക്ഷം ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവുമായി വിശദമായ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഇന്ത്യയിലെ വിദേശ നയതന്ത്രജ്ഞരെ പ്രതിനിധീകരിച്ച് ഫ്രാങ്ക് ഹാന്‍സ് ഡാനെന്‍ബര്‍ഗ് കാസ്റ്റനെല്ലോസ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ആരോഗ്യത്തേയും ദൈനംദിന ജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന അന്തരീക്ഷ മലിനീകരണത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2017ല്‍ വിദേശകാര്യമന്ത്രാലയത്തെ ഞെട്ടിച്ച് കാസ്റ്റെനെല്ലോസ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് നിരവധി എംബസികളും ഹൈക്കമ്മീഷനുകളും തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കി.
ആസിയാന്‍ അംഗരാഷ്ട്രങ്ങളിലെ രണ്ട് നയതന്ത്ര പ്രതിനിധികള്‍ക്ക് മോശം കാലാവസ്ഥ കാരണം ഇവിടെ തുടരാന്‍ കഴിയാത്ത അവസ്ഥ വന്നു. ഡല്‍ഹിയിലുണ്ടായിരുന്ന മറ്റു ചില പ്രതിനിധികള്‍ അവധിയെടുത്ത് നാടുകളിലേക്ക് മടങ്ങി. ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം തങ്ങളുടെ പ്രതിനിധി നിയമനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു കാണിച്ച് 2017ല്‍ തായ്‌ലാന്‍ഡ് എംബസി വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. പ്രതിനിധികളെ നിയമിക്കാന്‍ മോശം കാലാവസ്ഥ തടസമാകുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. കോസ്റ്റാറിക്കയില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധി മരിയേല ക്രൂസ് അല്‍വാരസിന് ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വരികയും ചെയ്തു.
വിദേശ രാഷ്ട്രങ്ങള്‍ തങ്ങളുടെ പ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ഡല്‍ഹിയിലെ ദുരവസ്ഥ നേരിടാനുള്ള മുന്‍കരുതല്‍ സംവിധാനങ്ങള്‍ നല്‍കി വരുന്നുണ്ട്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് ഇന്ത്യയിലെ ഫ്രഞ്ച് എംബസിയുടെ വക്താവ് റെമി ടിരോട്ടൗവാര്‍യാന്‍ ഇ.ടി.വിയോട് ആശങ്ക പങ്കുവെച്ചു. അന്തരീക്ഷ വായുവിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള ഏതു പരീക്ഷണവും സ്വീകാര്യമാണെന്ന് ഡല്‍ഹി സര്‍ക്കാരിന്‍റെ ഒറ്റ- ഇരട്ട അക്ക വാഹന പദ്ധതിയെ പിന്തുണച്ച് ജര്‍മന്‍ അംബാസഡറായ വാള്‍ട്ടര്‍ ലിന്‍ഡര്‍ പറയുന്നു.
ചുറ്റുപാടുമുള്ള വായു ശുദ്ധീകരിക്കാന്‍ എയര്‍ പ്യൂരിഫയറുകള്‍, 2016 മുതല്‍ തന്നെ ഫ്രാന്‍സ് എംബസി ഉപയോഗിക്കുന്നുണ്ട്. ഐ.എസ്.എ യോഗത്തിനായി ഫ്രഞ്ച് പരിസ്ഥിതി മന്ത്രി ഡല്‍ഹിയിലെത്തിപ്പോള്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി മലിനീകരണ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. പരിസ്ഥിതി വിഷയത്തില്‍ ഇരുരാഷ്ട്രങ്ങളുടേയും സഹകരണം വര്‍ധിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ചൈനീസ് എംബസിയും ഇന്ത്യയിലുള്ള ജീവനക്കാര്‍ക്കായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മുഖാവരണങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പം പ്രതിനിധികളും ജീവനക്കാരും താമസിക്കുന്ന കെട്ടിടങ്ങളില്‍ വായു ശുദ്ധീകരണ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ അന്തരീക്ഷം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നെന്നും ഓഫീസില്‍ പോകാന്‍ കഴിയാത്തത് ജോലിയെ ബാധിക്കുന്നെന്നും ടുണീഷ്യന്‍ അംബാസഡറായ നെജ്‌മെഡിന്‍ ലെക്ഹാക് പറയുന്നു. ഈ ചുറ്റുപാടില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും വൃദ്ധരേയും കുറിച്ച് ഓര്‍ക്കുമ്പോള്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ മോശം അന്തരീക്ഷം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് കുട്ടികളയൊണ്. നെഞ്ചുവേദന, കണ്ണിനും തൊണ്ടക്കും നീറ്റല്‍, ശ്വാസതടസം തുടങ്ങിയവ ഉണ്ടാകുന്നു. നിലവിലെ അവസ്ഥയില്‍ ദു:ഖവും രോഷവുമുണ്ടെന്നും രാഷ്ട്രീയ നാടകങ്ങള്‍ കൊണ്ട് സമയനഷ്ടം മാത്രമേ ഉണ്ടാകൂവെന്നും വിദ്യാര്‍ഥിയായ ഖുശി പറയുന്നു. കാലാവസ്ഥാ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കേണ്ട തരത്തില്‍ അതീവ ഗുരുതരമായ പ്രശ്‌നത്തിന് പരിസ്ഥിതി മന്ത്രാലയം ബജറ്റില്‍ ഇത്രയും കുറവ് തുക മാറ്റി വക്കുന്നത് എന്തുകൊണ്ടാണെന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഇഷ ചോദിക്കുന്നു. ദീപാവലി സീസണില്‍ ഒതുക്കാതെ വര്‍ഷം മുഴുവന്‍ ഒറ്റ-ഇരട്ട അക്ക വാഹന പദ്ധതി നടപ്പിലാക്കണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. മലിനീകരണം കുറക്കാന്‍ സര്‍ക്കാര്‍ തലത്തിലും കേന്ദ്രതലത്തിലും കൈക്കൊള്ളാന്‍ പോകുന്ന നടപടികളുടെ രൂപരേഖ ലഭ്യമാക്കണമെന്ന് ലെറ്റ് മി ബ്രീത്ത് എന്ന സംഘടന ഇന്ത്യാഗേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ ആവശ്യപ്പെട്ടു.