കൊൽക്കത്ത: രാജ്യത്ത് കൊവിഡ് ശക്തിപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിർബന്ധിതമായി ക്ഷേത്രങ്ങൾ തുറക്കുന്ന തീരുമാനത്തിനെതിരെ പശ്ചിമ ബംഗാൾ ബിജെപി യൂണിറ്റ് പ്രസിഡന്‍റ് ദിലീപ് ഘോഷ്. ക്ഷേത്രത്തിലെ പുരോഹിതർ ഉൾപ്പെടെയുള്ളവർ മഹാമാരിയെ ഭയക്കുന്ന സാഹചര്യമാണ്. കാളിഘട്ട് ക്ഷേത്രത്തിൽ നിന്നും ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചു. ഇത്തരമൊരു അവസ്ഥയിൽ നിർബന്ധിതമായി ക്ഷേത്രങ്ങൾ തുറക്കേണ്ടതിന്‍റെ ആവശ്യകത എന്താണെന്നും ദിലീപ് ഘോഷ് വാർത്താസമ്മേളനത്തിൽ ചോദിച്ചു.
അതേസമയം തൊഴിലാളികളെ വീടുകളിൽ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ ഇവരെ സ്വീകരിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തയ്യാറാകുന്നില്ല. തുടർന്നുണ്ടാകുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് കേന്ദ്രം എങ്ങനെ ഉത്തരവാദിത്തപ്പെട്ടവരാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആരും തന്നെ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പിന്തുടരുന്നില്ല. ഇത് കേസുകൾ വർദ്ധിക്കാൻ ഇടയാക്കും. ഗവർണറുടെയും കേന്ദ്രസർക്കാരിന്‍റെയും മേൽ പഴിചാരി കഴിഞ്ഞ രണ്ട് മാസവും സംസ്ഥാന സർക്കാർ പാഴാക്കി കളഞ്ഞു. ശാരീരികവും മാനസികവുമായി തളർന്ന മുഖ്യമന്ത്രി മമത ബാനർജി ക്വാറന്‍റൈനില്‍ പോകണമെന്നും ഘോഷ് ആവശ്യപ്പെട്ടു.