ന്യൂഡൽഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ നിലവിലെ സ്ഥിതി അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകനം ചെയ്തു. തീവ്രബാധിത പ്രദേശങ്ങള്‍, ക്ലസ്റ്ററുകള്‍, ഹോട്ട് സ്‌പോട്ടുകള്‍ എന്നിവിടങ്ങളല്ലാത്ത മേഖലകളില്‍ ചില ഇളവുകൾ അനുവദനീയമാണെന്ന് അറിയിച്ച അദ്ദേഹം തികച്ചും അനിവാര്യമായ ഇളവുകള്‍ മാത്രമേ അനുവദിക്കുന്നുള്ളുവെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത ആവശ്യമാണെന്നും നിർദേശിച്ചു.
ഏപ്രില്‍ 20 മുതല്‍ ലോക്ക് ഡൗണില്‍ വരുത്തുന്ന ഇളവുകളെയും കൊവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങളെയും കുറിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു. ഗ്രാമീണ സമ്പദ് മേഖലക്ക് ഉണര്‍വുനല്‍കുന്നതിനായി കൃഷി, എംഎൻആർജിഎ ഉൾപ്പെടെ ചില സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്. അതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ അല്ലെങ്കില്‍ കലക്ടര്‍മാര്‍ തൊഴിലാളികളെ അതാത് സംസ്ഥാനത്തിനകത്തുനിന്നുതന്നെ എത്തിക്കാന്‍ സംവിധാനം ചെയ്യണം. കമ്മ്യൂണിറ്റി ടെസ്റ്റിംഗ് ആരംഭിച്ചതിനാൽ ആരോഗ്യ പ്രവർത്തകർക്ക് ശരിയായ സുരക്ഷ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ഇവർക്കാവശ്യമായ എല്ലാ സുരക്ഷയും സംസ്ഥാന സർക്കാർ ഉറപ്പാക്കണം. കൊവിഡ് 19 നെതിരായ പോരാട്ടത്തിനിടയിൽ ദരിദ്രർക്ക് സഹായം എത്തിച്ച് നൽകുന്ന ഡൽഹി പൊലീസിനെ അമിത് ഷാ പ്രശംസിച്ചു.