ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് മരിച്ച സുജിത്ത് വില്‍സണിന് സംഭവിച്ചത് ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തുറന്ന് കിടക്കുന്ന എല്ലാ കുഴല്‍ കിണറുകളും അടയ്ക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് റവന്യൂ അഡ്‌മിനിസ്ട്രേഷന്‍ കമ്മീഷണര്‍ ജെ.രാധാകൃഷ്ണന്‍ പറഞ്ഞു. കുഴല്‍ കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത്തിനെ രക്ഷിക്കാനുള്ള 80 മണിക്കൂര്‍ നീണ്ട പരിശ്രമം വൃഥാവിലാക്കിക്കൊണ്ട് എല്ലാവരെയും കണ്ണീരിലാഴ്ത്തി ആ കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനം പ്രൊഫഷണലായിട്ടാണ് നടത്തിയത്. എന്നാല്‍ ഫലം നെഗറ്റീവ് ആവുകയായിരുന്നു. വിവിധ ഏജൻസികളുമായി ചേര്‍ന്ന് ഏകോപനത്തോടെ സാധ്യമായ എല്ലാ ശ്രമങ്ങളും സുജിത്തിനെ രക്ഷിക്കുന്നതിനായി നടത്തി. എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പൊലീസ്, ഫയർ ആന്‍റ് റെസ്ക്യൂ സർവീസസ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി അറന്നൂറോളം ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. കുഞ്ഞ് മരിച്ചുവെന്ന് മനസിലായപ്പോള്‍ എല്ലാവരും ഒരുപോലെ വേദനിച്ചുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ഉപയോഗിക്കാത്ത കുഴല്‍ കിണറുകള്‍ അടയ്ക്കുകയോ മഴവെള്ള സംഭരണികളാക്കി മാറ്റുകയോ ചെയ്യണം. ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജില്ല കലക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി നിര്‍ദേശം നല്‍കിയതായും ജെ.രാധാകൃഷ്ണന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 11 കോടി ചെലവഴിച്ചുവെന്നുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് പണത്തിന് പ്രധാന്യം നല്‍കാറില്ലെന്നും അത്തരം വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കുഞ്ഞിന്‍റെ മരണത്തില്‍ മണപ്പാറ പൊലീസ് സംശയാസ്പദ മരണമായി പരിഗണിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.