ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ടൂറിസം മേഖലയെ ഉന്നമിട്ടുള്ള ജി എസ് ടി പരിഷ്കരണത്തിനാണ് ഗോവയില്‍ ചേര്‍ന്ന ജി എസ് ടി കൗൺസിൽ പ്രാധാന്യം നല്‍കിയത്. ഹോട്ടല്‍ മുറികളുടെ ജി എസ്ടി നികുതിയാണ് കുറച്ചത്. 7500 രൂപയ്ക്ക് മുകളിലുള്ള മുറികള്‍ക്ക് നികുതി 28ല്‍ നിന്ന് 18 ശതമാനവും 7500 രൂപയ്ക്ക് താഴെയുള്ള മുറികള്‍ക്ക് നികുതി 18ല്‍ നിന്ന് 12 ശതമാനമായി കുറയ്ക്കാനുമാണ് തീരുമാനം. ആയിരം രൂപ വരെ വാടകയുള്ള മുറികള്‍ക്ക് ജി എസ് ടി ഈടാക്കില്ല.
അതേ സമയം കഫീന്‍ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും. ഇവയുടെ ജി എസ് ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി. ഔട്ട്‌ഡോര്‍ കാറ്ററിങ് നികുതി അഞ്ച് ശതമാനമായും കുറച്ചു. അതേസമയം ബിസ്‌കറ്റിന്‍റെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം തള്ളിയതായാണ് സൂചന. വാഹന നികുതിയിലും മാറ്റമുണ്ടാകില്ല. ആകെ 145000 കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ലോട്ടറി നിയമം പരിഷ്‌കരിക്കാമെന്ന് ധനമന്ത്രി സമവായ നിര്‍ദേശമെന്നോണം അറിയിച്ചു.
നിയമം പരിഷ്‌കരിക്കാനായി മറ്റ് മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ലോട്ടറികള്‍ക്ക് ഒരേ നികുതിയെന്ന നിര്‍ദേശം ജിഎസ്ടി കൗണ്‍സില്‍ മന്ത്രിമാരുടെ സമിതിയുടെ പരിഗണനയ്ക്ക് വിടാനും യോഗത്തില്‍ തീരുമാനമായി. ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക നിര്‍മാണ കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് വീണ്ടും നികുതിയിളവ് പ്രഖ്യാപനം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികളും പ്രാദേശിക മാനുഫാക്ചറിങ് കമ്പനികളും ഇനി സെസും എല്ലാ സര്‍ചാര്‍ജുകളും ഉള്‍പ്പെടെ 25.17 ശതമാനം നികുതി അടച്ചാല്‍ മതിയാകുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നേരത്തെ 30 ശതമാനമായിരുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന കമ്പനികള്‍ക്ക് മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്സ് 18 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി കുറച്ചിട്ടുമുണ്ടായിരുന്നു.