ഗുവാഹത്തി: അസമില്‍ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 108 ആയി. ബ്രഹ്മപുത്രയും പോഷകനദികളും കര കവിഞ്ഞ് ഒഴുകിയതോടെ 22 ജില്ലകളിലെ 12,01,382 ലക്ഷം ആളുകളാണ് ദുരിതത്തിലായത്. സംസ്ഥാനത്തെ 1,339 ഗ്രാമങ്ങളാണ് ഇതുവരെ വെള്ളത്തിനടിയിലായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46 പേരെ വിവിധ ഇടങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ 135 ദുരിതാശ്വാസ ക്യാമ്പുകളിലായി ഏതാണ്ട് 29981 പേരാണ് ഉള്ളത്. അസമിലെ 82169.99 ഹെക്ടർ ഭൂമി പൂർണ്ണമായും വെള്ളത്തിനടിയലാണ്.
ദുബ്രി പട്ടണം, ജോർഹത്തിലെ നിമാതിഘട്ട്, സോണിത്പൂർ ജില്ലകൾ, തേജ്പൂർ എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര അപകടകരമായ രീതിയിൽ കരകവിഞ്ഞ് ഒഴുകുന്നതായി എ.എസ്.ഡി.എം.എ റിപ്പോർട്ടിൽ പറയുന്നു. ബ്രഹ്മപുത്രയുടെ ഉപനദികളായ ധൻസിരി, ജിയ ഭരാലി എന്നിവ യഥാക്രമം ഗോലഘട്ടിലെ നുമലിഗഡ്, സോണിത്പൂരിലെ എൻടി റോഡ് ക്രോസിംഗ് എന്നിവിടങ്ങളിലൂടെയാണ് കരകവിഞ്ഞ് ഒഴുകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.