ഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷം. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി. പ്രളയം സര്‍വനാശം വിതച്ച ബീഹാറിലും അസമിലും അതിരൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. മിസോറാം, മേഘാലയ, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും വെള്ളപ്പൊക്കത്തില്‍ വലയുകയാണ്.
ബീഹാറില്‍ മാത്രം 97 പേരാണ് പ്രളയത്തില്‍ മരിച്ചത്. നവാഡയില്‍ ഇടിമിന്നലേറ്റ് എട്ട് കുട്ടികള്‍ മരിച്ചു. മൂന്ന് ലക്ഷം പേരെയാണ് ഇതുവരെ സംസ്ഥാനത്ത് മാറ്റിപ്പാര്‍പ്പിച്ചത്. 1080 ദുരിതാശ്വാസ ക്യാമ്പുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 70 ലക്ഷം പേരെയാണ് സംസ്ഥാനത്ത് പ്രളയം നേരിട്ട് ബാധിച്ചത്. പ്രളയബാധിതര്‍ക്കായി 181 കോടിയുടെ അടിയന്തരസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അസമിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ പ്രളയമാണ് ഇപ്പോള്‍ നേരിടുന്നത്. പ്രളയക്കെടുതിയില്‍ 62 പേര്‍ മരിച്ചു. 60 ലക്ഷത്തിലേറെപ്പേരെ പ്രളയം നേരിട്ട് ബാധിച്ചു. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കാസിരംഗ ദേശീയ പാര്‍ക്കിന്‍റെ 80 ശതമാനവും വെള്ളത്തിന് അടിയിലായി. പ്രളയത്തില്‍ 162 മൃഗങ്ങള്‍ ചത്തെന്നാണ് എറ്റവും പുതിയ റിപ്പോര്‍ട്ട്. 115 ഹോഗ് മാനുകളും 12 ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളും ചത്തതില്‍ ഉള്‍പ്പെടും.