ന്യൂഡൽഹി: ഉപയോക്താക്കൾക്ക് ഷോപ്പിംഗ് എളുപ്പമാക്കുന്നതിനായി വോയ്‌സ് അസിസ്റ്റന്‍റ് സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഫ്ലിപ്‌കാര്‍ട്ട്.
ഫ്ലിപ്‌കാര്‍ട്ടിന്‍റെ പലചരക്ക് വകുപ്പായ 'സൂപ്പർമാർട്ടിൽ' അവതരിപ്പിച്ച വോയ്‌സ് അസിസ്റ്റന്‍റ് ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ നിന്ന് ആരംഭിച്ച് ഒന്നിലധികം ഭാഷകളിൽ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ കണ്ടെത്താനും വാങ്ങാനും ഉപഭോക്താക്കളെ സഹായിക്കും. സ്പീച്ച് റെക്കഗ്നിഷൻ, നൈസർഗികമായ ഭാഷ ഗ്രാഹ്യം, മെഷീൻ ട്രാൻസ്ലേഷൻ, ടെക്സ്റ്റ് ടു സ്പീച്ച് എന്നിവ ഉൾപ്പെടുത്തി ഫ്ലിപ്‌കാര്‍ട്ടിന്‍റെ ടെക്നോളജി ടീമാണ് ഇത് നിർമ്മിച്ചത്. ഈ സാങ്കേതിക വിദ്യക്ക് ഉൽപ്പന്നങ്ങളുടെ ഹിന്ദി പോലുള്ള പ്രാദേശിക ഭാഷകൾ മനസ്സിലാക്കാൻ കഴിയും. കൂടാതെ ഒരു ഉൽപ്പന്നത്തിനായി തിരയുക, ഉൽപ്പന്ന വിശദാംശങ്ങൾ മനസിലാക്കുക, ഓർഡർ നൽകുക തുടങ്ങിയ ജോലികൾ ചെയ്യാനാകും. ആൻഡ്രോയിഡിൽ ഫ്ലിപ്‌കാര്‍ട്ടിന്‍റെ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കുന്ന എല്ലാ ഇംഗ്ലീഷ്, ഹിന്ദി ഉപയോക്താക്കൾക്കും പലചരക്കിന് വേണ്ടിയുള്ള വോയ്‌സ് അസിസ്റ്റന്റ് നിലവിൽ ലഭ്യമാണ്, ഇത് ക്രമേണ ഐഒഎസ്, വെബ്‌സൈറ്റ് എന്നിവയിൽ ലഭ്യമാകും.
തദ്ദേശീയമായി വികസിപ്പിച്ച എഐ പ്ലാറ്റ്ഫോം ഉപയോക്താവ് സംസാരിക്കുന്ന ഭാഷ സ്വപ്രേരിതമായി കണ്ടെത്തുന്നതിനാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ തത്സമയം വിവിധ ഇന്ത്യൻ ഭാഷകളിലെ ഉപയോക്താക്കളുടെ ഷോപ്പിംഗ് സംബന്ധിയായ ചോദ്യങ്ങൾ ട്രാൻസ്ക്രിപ്റ്റ് ചെയ്യുക, വിവർത്തനം ചെയ്യുക എന്നിവയും എഐ പ്ലാറ്റ്ഫോമിലൂടെ പ്രവർത്തിക്കും . പലചരക്ക് സാധനങ്ങൾക്കായി വോയ്‌സ് അസിസ്റ്റന്‍റിനെ വികസിപ്പിക്കുന്നതിലേക്ക് നയിച്ച ഉൾക്കാഴ്ചകളും അവസരങ്ങളും ശേഖരിക്കുന്നതിനായി ഒന്നിലധികം പട്ടണങ്ങളിലും നഗരങ്ങളിലും വിശദമായ പഠനം നടത്തിയതായി ഫ്ലിപ്‌കാര്‍ട്ട് പറഞ്ഞു. സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി വോയ്‌സ് ഉപയോഗിച്ച് വിവിധ ജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളിൽ നിന്ന് രസകരമായ സ്ഥിതിവിവരക്കണക്കുകൾ ഗവേഷണം വഴി ലഭിച്ചു. അതിനാൽ വോയ്‌സ് അസിസ്റ്റന്‍റ് ഉപയോക്താവിന്‍റെ പലചരക്ക് ഷോപ്പിംഗിനെ കൂടുതൽ വ്യക്തിഗതവും സ്വാഭാവികവുമായ അനുഭവത്തിലേക്ക് ഉയർത്തുമെന്ന് ഫ്ലിപ്‌കാര്‍ട്ട് പറയുന്നു.