ന്യൂഡൽഹി: ഇന്ത്യക്കാർ കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നതിന് വിമാന സർവീസുകളുടെ ലഭ്യതക്കുറവ് ഒരു കാരണമല്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം പരാമർശിച്ചത്. രജിസ്റ്റർ ചെയ്തവരിൽ ചിലർ ഇപ്പോൾ യാത്ര ചെയ്യാൻ തയ്യാറാകണമെന്നില്ല. വന്ദേ ഭാരത് മിഷനു കീഴിൽ രജിസ്റ്റർ ചെയ്തതിനു ശേഷം മറ്റു വിമാന സർവ്വീസുകളിൽ നാട്ടിൽ എത്തിയവരുണ്ടാകാം. എന്നിരിന്നാലും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈൻസ് എന്നീ വിമാന കമ്പനികൾ കുവൈത്തിൽ നിന്നും 83 വിമാന സർവീസ് നടത്തുമെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞു.
കുവൈത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ മാർഗങ്ങൾ കണ്ടെത്തണമെന്ന് കോടതി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ വിധിക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്. കൊവിഡ് കാലയളവിൽ കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർലൈൻസ് തുടങ്ങിയ വിദേശ വിമാനക്കമ്പനികളും കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് മതിയായ സർവീസുകൾ നടത്തിവരികയാണെന്നും ഈ മാസത്തിലും ഇത് തുടരുകയാണെന്നും സർക്കാർ സത്യവാൃങ്മൂലത്തിൽ പറഞ്ഞു. യാത്ര നടത്താൻ മതിയായ യാത്രക്കാർ ഇല്ലെങ്കിൽ വിമാനങ്ങൾ സർവ്വീസുകൾ നീട്ടിവെക്കുകയെോ റദ്ദാക്കുകയോ ചെയ്യുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.