ഭോപ്പാല്‍: മധ്യപ്രദേശിൽ ട്രക്ക് മറിഞ്ഞ് അഞ്ച് അതിഥി തൊഴിലാളികൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നർസിംഗ്പൂരിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ദിവസക്കൂലിക്കാരായിരുന്ന അതിഥി തൊഴിലാളികൾ ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് ഉത്തർപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മാമ്പഴം കൊണ്ട് പോയിരുന്ന ട്രക്കിൽ ഹൈദരാബാദിൽ നിന്ന് ആഗ്രയിലേക്ക് യാത്ര ചെയ്തിരുന്ന അതിഥി തൊഴിലാളികളും ട്രക്കിന്‍റെ രണ്ട് ഡ്രൈവർമാരും കണ്ടക്ടറും ഉൾപ്പെടെ 18 പേരാണ് ഉണ്ടായിരുന്നതെന്നും അപകടത്തിൽ അഞ്ച് പേർ മരിച്ചതായും നരസിംഗ്പൂർ ജില്ലാ കലക്ടർ ദീപക് സക്‌സേന പറഞ്ഞു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് പേരെ ജബൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാൾക്ക് തലക്ക് ഗുരുതരമായ പരിക്കും മറ്റൊരാൾക്ക് ഒടിവുകളും ഉള്ളതായി അധികൃതർ പറഞ്ഞു. മറ്റുള്ളവർക്ക് നിസാരമായ പരിക്കുകൾ മാത്രമാണ് ഉള്ളത്. 18 പേരിൽ ഒരാൾക്ക് കഴിഞ്ഞ മൂന്ന് ദിവസമായി കഠിനമായ ചുമയും ജലദേഷവും പനിയും ഉണ്ടെന്നും അതിനാൽ മരിച്ചവരുടെ അടക്കം എല്ലാവരുടെയും സാമ്പിളുകൾ ശേഖരിച്ച് കൊവിഡ് പരിശോധനക്ക് അയക്കുമെന്നും സിവിൽ സർജൻ ഡോക്ടർ അനിത അഗർവാൾ പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ ചരക്ക് ട്രെയിൻ കയറി 16 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.