ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബോട്ട് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ കാണാതായിട്ടുണ്ട്. മൗ ജില്ലയിലെ ഗാഗ്ര നദിയില്‍ ബുധനാഴ്‌ച വൈകുന്നേരമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 3 സ്‌ത്രീകളും, രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
നദിയിലെ ശക്തമായ ഒഴുക്കില്‍ ബോട്ടിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാകാം അപകടകാരണമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എല്‍ബി ദുബെയ് പറഞ്ഞു. ഡിയോറയിലേക്കായിരുന്നു യാത്രക്കാര്‍ പോവേണ്ടിയിരുന്നത്. മറ്റ് ബോട്ടുകളിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ശേഷിക്കുന്നവരെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.