ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരിയിൽ കസ്തൂരിമാനിനെ വേട്ടയാടിയ ടാഗിൻ ഗോത്രത്തിൽപ്പെട്ട അഞ്ച് പേരെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികർ വ്യാഴാഴ്ച പിടികൂടിയതായി റിപ്പോർട്ട്. ചൈനയും അരുണാചൽ പ്രദേശും തമ്മിലുള്ള യഥാർത്ഥ അതിർത്തിയായ മാക് മോഹൻ ലൈനിൽ (എംഎൽ) സ്ഥിതിചെയ്യുന്ന റെസോങ്‌ല ചുരത്തിലെ നാച്ചോയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യയും ചൈനയും തമ്മിലുള്ള നാലുമാസത്തിലേറെയായി നീണ്ടു നിൽക്കുന്ന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് വിഷയത്തിന് വ്യാപ്തി കൂടുന്നത്. സൈനിക, നയതന്ത്ര ചർച്ചകൾ നടന്നിട്ടും ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷവും സ്ഥിതിഗതികളില്‍ മാറ്റമില്ലെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ചൈന, അരുണാചൽ പ്രദേശിനെ സ്വന്തം പ്രദേശമായി അവകാശപ്പെടുകയും ‘സതേൺ ടിബറ്റ്’ എന്ന് പരാമർശിക്കുകയും ചെയ്യുന്നുണ്ട്. കനത്ത വനപ്രദേശവും വളരെ പർവതപ്രദേശവും ഉള്ള അപ്പർ സുബാൻസിരി ജില്ലാ പ്രദേശത്ത് റോഡുകളൊന്നുമില്ല. ആശയവിനിമയ സംവിധാനങ്ങളുടെ അഭാവവും ഇവിടെയുണ്ട്. അരുണാചൽ പ്രദേശിലെ 2,500 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാലയൻ കസ്തൂരിമാനുകളെ വേട്ടയാടാൻ ആളുകൾ ഇവിടെയെത്താറുണ്ട്. ആൺ മാനുകൾ അതിന്‍റെ അടിവയറ്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന കസ്തൂരി എന്ന വസ്തു ലോകമെമ്പാടും വളരെ ഉയർന്ന ആവശ്യക്കാരുള്ളതാണ്. വിലയേറിയ സുഗന്ധദ്രവ്യങ്ങളിലും മരുന്നുകളിലും കസ്തൂരി ഉപയോഗിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ് കസ്തൂരി മാൻ.