ചെന്നൈ: പണയം വച്ച 500 കിലോ സ്വർണം തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ അഞ്ച് പേരെ തെലങ്കാനയിൽ അറസ്റ്റ് ചെയ്‌തു. 34 കോടി വില വരുന്ന സ്വർണമാണ് സംഘം തട്ടിയെടുത്തത്. ചെന്നൈയിൽ റൂബി ജ്വല്ലേഴ്‌സ് എന്ന പേരിൽ ഒരു സ്വർണ പണയ സ്ഥാപനം ഇവർ നടത്തിയിരുന്നു. ഇവിടെ വായ്‌പ ഈടായി പണയം വച്ചിരുന്ന സ്വർണാഭരണങ്ങളാണ് തട്ടിയെടുത്തത്. പലിശ രഹിത വായ്‌പ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് സ്ഥാപനത്തിന്‍റെ മറവില്‍ തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ വ്യാസർപാടി സ്വദേശി ഉമർ അലിയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് ഫയൽ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ 2020 മെയ് മൂന്നിന് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്ക് കേസ് മാറ്റിയിരുന്നു. സയ്യിദ് രഘുമാൻ, ഇയാളുടെ സഹോദരൻ അനിസൂർ രഘുമാൻ, ജീവനക്കാരായ റിക്കാന, സജിത, ഷാഹിന എന്നിവരെയാണ് പിടികൂടിയത്. അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലേക്ക് മാറ്റി.