ചെന്നൈ: കൊവിഡ് -19 ബാധിച്ച ഇടിവി ഭാരത് ഡൽഹി റിപ്പോർട്ടർ എം.മണികണ്ഠൻ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡുമായി ബന്ധപ്പെട്ട സാമൂഹിക ചിന്താഗതിയെ അഭിമുഖീകരിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ വൈറസിനെതിരെ പോരാടുന്നത് ചെറുതാണെന്ന് മണികണ്ഠൻ പറഞ്ഞു. 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കൊവിഡ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തമിഴ്‌നാട്ടിലെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മണികണ്ഠനെ ഡിസ്ചാർജ് ചെയ്തു.
തന്‍റെ ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ മാർച്ച് 28 നാട്ടിൽ പോകാൻ മണികണ്ഠൻ പദ്ധതിയിട്ടിരുന്നു. മാർച്ച് 21 ന് പ്രധാനമന്ത്രി ജനത കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്നും ഡൽഹിയിൽ സ്ഥിതി മോശമാകാനുള്ള സാധ്യത മുന്നിൽ കണ്ടും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. മാർച്ച് 24 ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് വിമാനം കയറിയത്.
ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതിനാൽ സർക്കാരിർ നിർദേശപ്രകാരം 28 ദിവസത്തെ സ്വയ നിരീക്ഷണത്തിലിരിക്കാൻ തീരുമാനിക്കുകയും വീട്ടിലിരുന്ന ജോലി തുടരുകയും ചെയ്തു. ചെറിയ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തു. ശരീര വേദന മാറിയെങ്കിലും താൻ പങ്കെടുത്ത് ഡൽഹി കോൺഫറൻസിൽ നിന്ന് മടങ്ങിയെത്തിയ പലർക്കും രോഗം സ്ഥിരീകരിച്ചെന്ന വാർത്ത ഭയം ജനിപ്പിച്ചിരുന്നു.
ഒന്നര വയസ്സുള്ള കുട്ടിയും പ്രായമായ മാതാപിതാക്കളും ഉള്ളതിനാൽ പരിശോധന നടത്താൻ തീരുമാനിച്ച് ആംബുലൻസ് ക്രമീകരിച്ച് ഏപ്രിൽ രണ്ടിന് എന്നെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ആ സമയത്ത് തന്നെ പ്രദേശവാസികൾ കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരുന്നു. അഞ്ച് ദിവസത്തിന് ശേഷം തനിക്ക് കൊവിഡാണെന്ന് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കി. അവർക്കാർക്കും കൊവിഡില്ലെന്ന് ഫലം വന്നു.
കൂടെ വാർഡിലുണ്ടായിരുന്ന പല രോഗികളും പരസ്പരം പ്രോത്സാഹിപ്പിച്ചു. ആശുപത്രിക്ക് പുറമേ നിരവധി സന്നദ്ധപ്രവർത്തകരും മറ്റ് രോഗികളുമായി ബന്ധപ്പെട്ട ബിസിനസുകാരും ഞങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകി. പാൽ, മുട്ട, ഉണങ്ങിയ പഴങ്ങൾ എന്നിവ നൽകുന്നതിൽ ആശുപത്രി മാനേജ്മെന്‍റ് മികച്ച ശ്രദ്ധ പുലർത്തി. ദിവസേന രണ്ടുതവണ സൈക്യാട്രിക് കൗൺസിലിങ്ങും നൽകി.
21 ദിവസത്തെ പോരാട്ടത്തിന് ശേഷം ഞാൻ സുഖം പ്രാപിച്ചു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ശ്രമഫലമായി ഞാൻ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങി. ഈ 21 ദിവസം എന്നെ പഠിപ്പിച്ച വലിയൊരു പാഠമുണ്ട്. ആരോഗ്യ പ്രവർത്തകർ, ചങ്ങാതിമാർ, അഭ്യുദയകാംക്ഷികൾ നമ്മൾക്കായി ഇവിടെയുണ്ട്. ഈ പോരാട്ടത്തിൽ ഒരിക്കലും ആരും ഒറ്റപ്പെടില്ലായെന്ന പാഠം.