ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍ററിൽ നിന്നും ആദ്യ രോഗിയെ ഡിസ്‌ചാര്‍ജ് ചെയ്‌തതായി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) അറിയിച്ചു. ഇതുവരെ 147 രോഗികളെയാണ് കേന്ദ്രത്തില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ചട്ടർപൂരിലെ രാധ സോമി ബിയാസിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്ന് തിങ്കളാഴ്‌ചയാണ് ഒരാൾ രോഗമുക്തി നേടിയത്. ഇയാൾക്ക് പൂക്കൾ നല്‍കിയാണ് ഐടിബിപി ഉദ്യോഗസ്ഥര്‍ യാത്രയാക്കിയത്.
ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് കെയര്‍ സെന്‍ററാണിത്. 10,000 കിടക്കകളുള്ള കേന്ദ്രത്തിന്‍റെ മേൽനോട്ടം ഐടിബിപിക്കാണ്. ജൂലൈ ആറിന് ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലാണ് കേന്ദ്രം ഉദ്ഘാടനം ചെയ്‌തത്. ജൂൺ 27ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കേന്ദ്രം സന്ദർശിച്ചിരുന്നു. ആത്മീയ സംഘടനയായ രാധ സോമി സത്സംഗ് ബിയാസിന്‍റെ (ആർഎസ്‌എസ്ബി) കാമ്പസിലാണ് കൊവിഡ് കെയർ സെന്‍റർ പ്രവർത്തിക്കുന്നത്.