ന്യൂഡൽഹി: 2021 ന്‍റെ തുടക്കത്തിൽ ഇന്ത്യയിൽ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ. വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം വേഗത്തിൽ നടക്കുന്നുണ്ടെന്നും ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഘട്ടത്തിലാണ് മൂന്ന് വാക്സിനുകളെന്നും ഹർഷ് വർധൻ പറഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,170 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.
50,16,520 പേർക്ക് രോഗം ഭേദമായി. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 82.85 ശതമാനമാണ്. 9,62,640 സജീവ കൊവിഡ് കേസുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. രാജ്യത്തുടനീളം 95,542 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് 1.57 ശതമാനമായി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ബിഹാർ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവയുൾപ്പെടെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ കൂടുതൽ കൊവിഡ് മുക്തി രേഖപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഡൽഹി, കേരളം, ഒഡിഷ, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയതായി രോഗമുക്തി നേടിയവരിൽ 73 ശതമാനവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, മധ്യപ്രദേശ്, ഡൽഹി, ആന്ധ്രാപ്രദേശ് ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയതായി റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 84 ശതമാനവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.