ബെംഗളൂരു: മൈസൂരിലെ ജൂബിലന്‍റ് ലൈഫ് സയൻസസ് കമ്പനിയുടെ നഞ്ചൻഗുഡ് പ്ലാന്‍റിലെ 15 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കമ്പനിയിലെ 1,458 ജീവനക്കാരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായി അധികൃതർ.
കമ്പനിയിലെ ഒരു ജീവനക്കാരന് രോഗബാധ മാർച്ച് 26നാണ് സ്ഥിരീകരിച്ചത്. ഇയാൾക്ക് വിദേശ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയും അടുത്ത് ഇടപഴകിയവരെ ഗാർഹിക നിരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്തു. തുടർന്ന്, മാർച്ച് 29ന് മറ്റ് അഞ്ച് ജീവനക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതേതുടർന്ന് കമ്പനി പ്ലാന്‍റിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു.
മാർച്ച് മാസത്തിൽ മഹാരാഷ്ട്രയിൽ നിന്ന് ഏതാനും വിദേശികളും സന്ദർശകരും ഫാക്ടറി കേന്ദ്രത്തിൽ എത്തിയിരുന്നു. കൂടാതെ, ചൈനയിൽ നിന്നുള്ള ഒരു അസംസ്കൃത വസ്തുവും ഫാക്ടറിയിൽ എത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന രണ്ടാമത്തെ ഹോട്ട്‌സ്പോട്ട് സംസ്ഥാനമായി കർണാടക മാറാൻ സാധ്യത നിലനിൽക്കുന്നതിനാൽ കർശന സുരക്ഷാ സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.