ഉത്തര്‍പ്രദേശ്: ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് 10 വയസുകാരനെതിരെ പൊലീസ് കേസ്. അഭിഷേക് യാദവ് എന്ന കുട്ടിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്ഐആറില്‍ തന്‍റെ മകന് 25 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് വ്യാജകേസാണ് എടുത്തിരിക്കുന്നതെന്നും കുട്ടിയുടെ മാതാവ് രാംവതി വ്യക്തമാക്കി. ശനിയാഴ്ചയാണ് കുട്ടിക്കെതിരെ കേസ് എടുത്തത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാംവതി ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കി.
ബദോൻ സ്വദേശിയായ രാംവതിയും കുടുംബവും അയൽവാസിയുമായി ഏറെനാളുകളായി ഭൂമിത്തർക്കം നടക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് കുട്ടിക്കെതിരെ കേസ് എടുത്തതെന്ന് രാംവതി പറയുന്നു. അന്വേഷണത്തിനായി ജില്ലാ മജിസ്ട്രേറ്റ് കേസ് സിറ്റി മജിസ്ട്രേറ്റിന് കൈമാറി. കേസിൽ അതിവേഗം തീർപ്പുണ്ടാക്കണമെന്നും വ്യാജകേസ് എടുത്ത പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നും ജില്ലാ മജിസ്ട്രേറ്റ് ദിനേശ് സിങ് നിര്‍ദേശം നല്‍കി.