കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച പ്രതിഷേധക്കാരെ വെടിവച്ചുകൊല്ലണമെന്നാവശ്യപ്പെട്ട ബിജെപി നേതാവിനെതിരെ കേസ്. പശ്ചിമ ബംഗാളിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പോലെ പൊതുമുതല്‍ നശിപ്പിച്ച എല്ലാവരേയും വെടി വച്ചിടണമെന്ന് ദിലീപ് പറഞ്ഞത് വൻ വിവാദത്തിന് വഴിവച്ചിരുന്നു. ബംഗാളിലെ നാദിയ ജില്ലയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ദിലീപിന്‍റെ വിവാദ പരാമർശം.
റെയില്‍വേയടക്കമുള്ള പൊതു സ്വത്തുക്കള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി കേസ് എടുക്കുകയോ ലാത്തി ചാര്‍ജ് നടത്തുകയോ ചെയ്തില്ലെന്ന് ദിലീപ് കുറ്റപ്പെടുത്തിയിരുന്നു. നികുതിദായകരുടെ പണം കൂടിയാണ് പൊതുമുതല്‍. അല്ലാതെ പൊതുമുതലുകള്‍ക്ക് തീയിടുന്നവരുടെ അച്ഛന്‍റെ വകയാണോ ഇതൊക്കെയെന്നും ദിലീപ് ഘോഷ് ചോദിച്ചു. ഉത്തർപ്രദേശ്, അസം, കർണാടക സർക്കാരുകൾ ഞങ്ങളുടെ സര്‍ക്കാരാണെന്നും ഇത്തരം പ്രതിഷേധക്കാരെ നായകളുടെ പോലെ കണക്കാക്കി വെടിവച്ചിട്ടെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു . പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്നും ഹിന്ദു ബംഗാളികളുടെ താൽപ്പര്യങ്ങൾ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്നും ഘോഷ് ആവശ്യപ്പെട്ടു.രാജ്യത്ത് രണ്ട് കോടി മുസ്ലിം നുഴഞ്ഞുകയറ്റക്കാർ ഉണ്ട്. ഒരു കോടി മാത്രം പശ്ചിമ ബംഗാളിലാണെന്നും മമത ബാനർജി അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.